ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ബഹു.കേരള ഗവൺമെൻറിൻറെ 20-05-2010 ലെ ജി.ഒ(പി) നമ്പര്‍ 99/2010/എ എൽ.എസ്.ജി.ഡി ഉത്തരവ് പ്രകാരമാണ് ആണ് കേരളത്തിൽ ആദ്യത്തെ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാന്മാർ മാത്രം അധിവസിക്കുന്ന ഏക ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഏകദേശം 60 വർഷത്തിനിപ്പുറം മാത്രമേ ആയിട്ടുള്ളൂ മനുഷ്യവാസം ഇടമലക്കുടിയിൽ ആരംഭം കുറിച്ചത്. അതിന് മുമ്പായുള്ള മുതുവാൻമാരുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച് വ്യക്തമായ രേഖകളോ, ലിഖിതമായ പുസ്തകങ്ങളോ നാളിതുവരെ സൃഷ്ടിക്കപെട്ടിട്ടില് എങ്കിലും മുതുവാൻമാരുടെ ഇടമലക്കുടിയിലേക്കുള്ള വരവിനെ സംബന്ധിച്ച് അവരുടെ ഇടയിൽ തന്നെ പ്രചാരം ലഭിച്ചിട്ടുള്ള ചരിത്ര സാങ്കല്പികകഥകൾ നാലെണ്ണം എങ്കിലും പ്രചുരപ്രചാരം ലഭിച്ചിട്ടുണ്ട്. ശ്രീരാമൻറെ പത്നിയായ സീതാദേവിയുടെ അംഗരക്ഷകരും പരിചാരകമാണ് തങ്ങളെന്ന് ഒരു പ്രാചീന വിശ്വാസം അവരുടെ ഇടയിൽ ഉണ്ട് .മറ്റൊന്ന് മധുര നഗരം ദഹിപ്പിച്ച് മംഗള ദേവിയിലേക്ക് പോയ കണ്ണകിയുടെ അഗംരക്ഷകരാകുന്നു മുതുവാന്മാർ എന്നോരു അഭിപ്രായവും അവരുടെ ഇടയിലുണ്ട്. ചോള-പാണ്ഡ്യ യുദ്ധത്തിൽ തോറ്റോടിക്കപ്പെട്ട ചോള രാജവംശത്തിലെ പടയാളികൾ ആയിരുന്നു അവരെന്നും, രാജാവിനെയും, മുതുകിൽ ചുമന്നുകൊണ്ട് കിഴക്കൻ കാട്ടിലേക്കു കുടിയേറിപ്പാർത്തവരാണ് അവരെന്നും മറ്റൊരു അഭിപ്രായമുണ്ട്. .കേരളചരിത്രവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ രാജവംശത്തിന്റെ അനുചരൻമാർ ആയിരുന്നു മുതുവാന്മാർ എന്നും, രാജാവ് യഥേഷ്ടം വിഹരിക്കുന്നതിനുവേണ്ടി കിഴക്കൻ കാടുകളിലെ ഉൾ വനങ്ങൾ മുതുവാന്മാർക്ക് പതിച്ചു കൊടുത്തു എന്നുള്ള മറ്റൊരു കഥയും ഇവരുടെ ഇടയിലുണ്ട്. എന്തായാലും വിവിധ പ്രദേശങ്ങളിലെ രാജവംശങ്ങളും ആയി മുതുവാന്മാരുടെ മുൻ തലമുറകൾക്ക് ബന്ധമുണ്ടായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. പുരുഷന്മാർ ഉൾപ്പെടെ നീട്ടിവളർത്തിയ മുടിയും, കുടുമിയും, തലയിൽ ഒരു തലക്കെട്ടും തോളിൽ ഒരു സഞ്ചിയും, മുതുകിലൊരു മാറാപ്പും പഴയകാല കാല മുതുവാന്മാർക്ക് പ്രത്യേകതയായിരുന്നു. കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോൾ പോലും മുതുകുലെ മാറാപ്പിൽ കുഞ്ഞുങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്ന സംസ്കാരം ഉള്ളതുക വാം മുതുവാന്‍ എന്ന പേര് ഈ സമുദായത്തിന് അന്വര്‍ത്ഥമായത് എന്ന് വ്യാഖ്യാനിക്കാം. പഴയകാല കുടുമിയും, തലക്കെട്ടും മുതുവാന്‍ പുരുഷന്മാരുടെ ഇടയിൽ നിന്നും ആധുനികകാലത്ത് അപ്രത്യക്ഷമായെങ്കിലും പഴയകാല മുതുവാന്മാരില് പലരും ഇന്നും ആ സംസ്കാരം നിർത്തിര്ത്തിപ്പോരുന്നു.